ഭാരതപ്പുഴയെ വീർപ്പുമുട്ടിക്കുന്ന കുംഭമേള!


First Published : 2026-01-26, 11:16:22am - 1 മിനിറ്റ് വായന


കേരളത്തിലെ നദികളിൽ പലതുകൊണ്ടും ശ്രദ്ധേയമായ ഭാരതപ്പുഴയിൽ സംഘടിപ്പിക്കുന്ന കുംഭമേള നദിയുടെ ശോചനീയാവസ്ഥയെ കുറെക്കൂടി രൂക്ഷമാക്കും.ഗംഗ തടത്തിൽ സംഘടിപ്പിച്ച പരിപാടികളെ ഓർമ്മിപ്പിക്കുന്നതാണ് ഇവിടുത്തെയും ചടങ്ങുകൾ.

 
കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ് ഭാരതപ്പുഴ.മനുഷ്യ ഇടപെടലുകളുടെയും പാരിസ്ഥിതിക മാറ്റങ്ങളുടെയും ഫലമായി ഭാരതപ്പുഴ ഗുരുതരമായ ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് ഭാരതപ്പുഴയുമായി ബന്ധപ്പെട്ട് നടത്തിയ നിരവധി പഠനങ്ങള്‍ പറയുന്നു. 

വ്യാവസായിക മലിനീകരണം,അമിത ജലവിനിയോഗം,വന നശീകരണം,നദീതീര സസ്യജാലങ്ങളുടെ നഷ്ടം,അണക്കെട്ടു കളുടെ നിര്‍മ്മാണം,തദ്ദേശീയമല്ലാത്ത ജീവിവര്‍ഗങ്ങളുടെ സാന്നിദ്ധ്യം,മഴയുടെ രീതികളില്‍ മാറ്റം അടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍,ഗാര്‍ഹിക മാലിന്യങ്ങള്‍ എന്നിവയും പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.ഈ ഘടകങ്ങള്‍ നദിയുടെ ജലശാസ്ത്രപരമായ സമഗ്രത, ജലഗുണത,ജൈവവൈവിധ്യം എന്നിവയ്ക്ക്  ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.ഭാരതപ്പുഴയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങളെ അവഗണിച്ചുകൊണ്ട് നടക്കുന്ന ഇടപെടലുകൾ ഭാരതപ്പുഴയുടെ മരണമണിയായി മാറുമെന്നതില്‍ സംശയമൊന്നുമില്ല.


444 കുടിവെള്ളപദ്ധതികള്‍ ഭാരതപ്പുഴയെ ആശ്രയിച്ചാണു ള്ളത്.എന്നാല്‍,പുഴയെ മാലിന്യമുക്തമാക്കാനുള്ള നടപടിക്ക് ഒച്ചിഴയും വേഗമാണ്.2010-ലും 2014-ലും നിയമസഭാ പരിസ്ഥിതി സമിതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.2017 ലെ റിപ്പോർട്ടിലും നടപടി ഉണ്ടായില്ല.


ഭാരതപ്പുഴയിൽ മത്സ്യ വൈവിധ്യങ്ങൾ 116 ഉണ്ട്.അതില്‍ 11% IUCN റെഡ് ലിസ്റ്റില്‍ വംശനാശ ഭീഷണി നേരിടുന്നതായി പട്ടികപ്പെടുത്തിയിട്ടുണ്ട്.മലിനീകരണം,വനനശീകരണം, അണക്കെട്ടുകള്‍,തദ്ദേശീയമല്ലാത്ത ജീവിവര്‍ഗങ്ങള്‍, വിനാശകരമായ മത്സ്യബന്ധനം എന്നിവയ്ക്കൊപ്പം മണല്‍ ഖനനവും ഈ ജീവിവര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തി. 

ദേശീയ നദീസംരക്ഷണ പദ്ധതിയില്‍ ഭാരതപ്പുഴയെ ഉള്‍പ്പെടുത്തണമെന്ന് ഏറെക്കാലമായുള്ള ആവശ്യ മാണ്.ഇന്ത്യയിലെ 33 നദികളാണ് പദ്ധതിയിലുള്ളത്. ഇതില്‍ കേരളത്തില്‍നിന്ന് പമ്പയും പെരിയാറും മാത്രമാണുള്ളത്.  


നദീതടത്തിലെ 27 സ്ഥലങ്ങളിലായി 2022-ല്‍ നടത്തിയ ജലരസതന്ത്രത്തെയും ജല ഗുണനിലവാരത്തെയും സംബന്ധിച്ച വിലയിരുത്തലില്‍ സംസ്‌കരിക്കാത്ത മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നത് നദീ ജലത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കു ന്നതായി കണ്ടെത്തി.നദീജലം കുടിവെള്ള ഉപയോഗത്തിന് അനുയോജ്യമല്ലാതായതായും പഠനം വിലയിരുത്തി.


45 ലക്ഷത്തിലധികം ആളുകളുടെ ദൈനംദിന ജീവിതവു മായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു നദിയാണ് ഈ രീതിയില്‍ നിലനില്‍പ്പ് ഭീഷണി  നേരിടുന്നത്.

ആളോഹരി ശുദ്ധജല ലഭ്യതയില്‍(potable drinking water) കേരളത്തിന്റെ സ്ഥാനം രാജസ്ഥാനിനേക്കാളും താഴെയാണ്. ജലത്തെ സംബന്ധിച്ച ആഘോഷം അവസാനിച്ചുവെന്നും കരുതലോടെ വിനിയോഗിക്കേണ്ട അതിദുര്‍ലഭ വിഭവമായി ജലം മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

പൊതുവെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഭാരതപ്പുഴയുടെ തീരത്തേക്ക് കുംഭമേളകള്‍ പോലുള്ള ആചാരങ്ങള്‍ എത്തുന്നത് നദിയുടെ നാശത്തിലേ കലാശിക്കുകയുള്ളൂ. അത് ഭാവി തലമുറയ്ക്ക് മേല്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment