നഷ്ടപ്പെട്ട നെൽവയലുകളും 65000 കോടി ലിറ്റർ മഴ വെളളവും !


First Published : 2026-08-11, 04:41:19pm - 1 മിനിറ്റ് വായന


2026 ഇടവപ്പാതിയിലെ ആദ്യത്തെ രണ്ടുമാസം 36% മഴക്കുറവായിരുന്നു രേഖപ്പെടുത്തിയത്,പ്രതീക്ഷിച്ചതാകട്ടെ 1265 mm,കിട്ടിയത് 812mm. രാജ്യത്ത് ആകെ എൽനിനോ മൂലം മഴ കുറയും എന്ന അറിയിപ്പ് ശരിവെയ്ക്കുന്നതായിരുന്നു 2 മാസത്തെ മഴക്കാലം.

23/7/2026 മുതലുള്ള 7 ദിവസം എടുത്താൽ കുറവ് 40%.ഇടുക്കിയിലും വയനാട്ടിലും മഴയുടെ കുറവ് 60% ഉണ്ടായിരുന്നു.ഏറ്റവും കൂടുതൽ മഴ ലഭിക്കേണ്ട ജൂൺ-ജൂലൈ മാസം മഴ കുറഞ്ഞു നിൽക്കുകയും ആഗസ്റ്റിൽ അപകടകരമായ തോതിൽ മഴ കിട്ടിയ അനുഭവങ്ങൾ 2018 മുതൽ നമുക്കുണ്ട്.അവ മിക്കപ്പോഴും വൻ പ്രതിസന്ധികളും ഉണ്ടാക്കി.


ജൂലൈ 31 മുതൽ ആഗസ്റ്റ് ആദ്യ ആഴ്ചയിലെ 2-3 ദിവസങ്ങളിൽ പത്തനംതിട്ടയിലും മറ്റും പെയ്ത മഴ , ചെറു മേഘ വിസ്ഫോടനത്തെ ഓർമ്മിപ്പിച്ചു.ഇത്തരം മാറ്റങ്ങൾ വളരെ സജീവമായി മാറുമ്പോൾ, പെയ്തിറങ്ങുന്ന മഴയെ അപകടരഹിതമായി സ്വീകരിക്കാൻ കഴിയുന്ന അവസ്ഥയിലല്ല നമ്മുടെ പ്രദേശങ്ങൾ.ഒരു വർഷം ആകെ പെയ്യുന്ന  മഴയുടെ തോതിൽ വലിയ കുറവ് ഉണ്ടായിട്ടില്ല.അതെ സമയം അതിതീവ്ര മഴയും മഴയില്ലാ ദിനങ്ങളും വർധിക്കുകയും ചെയ്തു.അത്തരം സാഹചര്യ ങ്ങളെ നേരിടാൻ കഴിയാത്ത തരത്തിൽ നമ്മുടെ ഭൗമഘടനയിൽ മാറ്റങ്ങൾ ഉണ്ടാക്കിയത് നമ്മൾ തന്നെയാണ്.Land Use Land Cover വിഷയത്തിൽ കേരളം സുരക്ഷാ മാനദണ്ഡങ്ങളെ പരിഗണിക്കാതെ പോയത് പ്രശ്നങ്ങളെ ദുരന്തങ്ങളാക്കി മാറ്റി എടുത്തു.


മഴവെള്ളത്തെ സംഭരിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന നെൽപ്പാടങ്ങളും പുഴകളുടെ വാഹക ശേഷിയും കായലുകളുടെ മെലിയലും പ്രശ്നങ്ങളെ സങ്കീർണ്ണമാക്കി. 


നെൽ വയലുകളുടെ കാര്യം പരിശോധിച്ചാൽ അത് വ്യക്തമാകും.Room for River തുടങ്ങിയ പദ്ധതികളെ പറ്റി അറിയാൻ ശ്രമിച്ച പ്രളയ കാലത്തെ നമ്മുടെ മുഖ്യമന്ത്രിക്ക്,പുഴകളുടെയും തോടുകളുടെയും വശങ്ങളിലെ നെൽ വയലുകൾ,ചതുപ്പു പ്രദേശങ്ങൾ മുതലായവ അതെ ധർമ്മമാണ് നിർവ്വഹിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയാതെ പോയത് ബോധപൂർവ്വ മാണ്.പുതിയ മുഖ്രമന്ത്രിക്ക് അതിന് കഴിയണം എന്ന് നാട്ടുകാർക്ക് ആഗ്രഹിക്കാം.


ഒരു ഹെക്ടർ നെൽവയലിന് 10 ലക്ഷം ലിറ്റർ മഴവെളളത്തെ സംഭരിച്ചു വെയ്ക്കാൻ കഴിയും.കേരളത്തിന് 1970 കളിൽ 8.3 ലക്ഷം ഹെക്ടർ നെൽ വയലുകൾ ഉണ്ടായിരുന്നു.ഇന്ന് അതിൻ്റെ വിസ്തീർണം1.74 ലക്ഷം ഹെക്ടർ ആയി ചുരുങ്ങി.6.50 ലക്ഷം ഹെക്ടർ പാടങ്ങളെ കര ഭൂമിയാക്കി എടുത്തു.അതിനർത്ഥം 65000 കോടി ലിറ്റർ വെള്ളം സംവരിച്ചു വെയ്ക്കാ നുള്ള സാഹചര്യമാണ് ഇല്ലാതാക്കിയത്.വെളളപ്പൊക്കം നാട്ടിലുണ്ടാക്കുന്ന തിരിച്ചടികൾ എത്ര വലിയ സാമ്പത്തികവും മറ്റ് നഷ്ടങ്ങളുമാണ് വരുത്തി വെയ്ക്കുക എന്ന് ആവർത്തിച്ച് അനുഭവിച്ചു വരുന്നവരാണ് മലയാളികൾ.എന്നാൽ വെള്ളപ്പൊക്കം വരുത്തിവെയ്ക്കുന്ന മരണവും മറ്റ്  ബാധ്യതകളും വികസനത്തിനുളള തിരിച്ചികളാണ് എന്ന് സർക്കാരും വിധക്തരും അംഗീകരിക്കുന്നില്ല.


നെൽവയലുകൾ നൽകുന്ന സാമൂഹിക സേവനത്തിൽ നെല്ലിൻ്റെ പങ്ക് 17% മാത്രമാണ്.ജലസമൃദ്ധി,ജീവികളുടെ ആവാസ വ്യവസ്ഥ, അന്തരീക്ഷ ഊഷ്മാവിൻ്റെ നിയന്ത്രണം എന്നിവയുടെ പങ്കിനെ വേണ്ട തോതിൽ അംഗീകരിക്കുവാൻ തയ്യാറാകാത്തത് വയലുക ളുടെ തകർച്ചയുടെ ആക്കം വർധിപ്പിച്ചു.


രാജ്യത്ത് ആദ്യമായി രൂപപ്പെടുത്തിയ നെൽവയൽ നീർത്തട സംരക്ഷണ നിയമം 2008 ൽ നിലവിൽ വന്നിട്ടും,2008 നു ശേഷവും 60650 ഹെക്ടർ വയലുകളാണ് നഷ്ടപെട്ടത്.1970 വരെ 10 ലക്ഷം മുതൽ 12 ലക്ഷം ടൺ നെല്ല് ഉൽപ്പാദിപ്പിച്ചു വന്ന നമ്മുടെ നാട്ടിൽ (ആവശ്യമായതിൻ്റെ 50%) ഇന്നതിൻ്റെ അളവ് 5.5 ലക്ഷം ടൺ മാത്രമാണ്.കേരളത്തിന് 45 ലക്ഷം ടൺ നെല്ല് ആവശ്യമുള്ളപ്പോൾ 45 ദിവസത്തെക്കുള്ള ചോറാണ് നമ്മുടെ മണ്ണിൽ നിന്ന് കിട്ടുന്നത്. പ്രതിവർഷം 16000 കോടി രൂപ എങ്കിലും അരി വാങ്ങാൻ നമ്മൾ മാറ്റിവെയ്ക്കണം,അതിൽ 12000 കോടി രൂപ,അരിയുടെ പേരിൽ പുറത്തേക്ക് ഒഴുകുന്നു.


കേരളത്തിൻ്റെ സാമ്പത്തിക സുരക്ഷയെ മുൻനിർത്തി സംസാരിക്കുന്ന സർക്കാർ പ്രതിനിധികൾ,സാമ്പത്തിക വിധക്തർ,കേരളത്തിലെ പ്രകൃതി ദുരന്തങ്ങൾ വരുത്തി വെയ്ക്കുന്ന വൻ തിരിച്ചടികളെ പറ്റി നിശബ്ദരാകു ന്നത് എന്തു കൊണ്ടാകും ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment